യഥാര്‍ത്ഥത്തില്‍ ഇതൊരു നേരമ്പോക്കല്ല. എന്നാല്‍ ചിലര്‍ക്ക് അങ്ങനെ തോന്നിക്കൂടായ്കയില്ല. വിപ്ലവ ചിന്തകള്‍ എന്നാണ് ആദ്യം ഉദ്ദേശിച്ചത്. പിന്നെ കരുതി എന്ത് വിപ്ലവം? അതിപ്പോ ചില തുണിമില്ലുകള്‍ ടി-ഷര്‍ട്ട് വില്‍ക്കാന്‍ ഉപയോഗിക്കുന്ന ഒന്ന് മാത്രമായി ഒതുങ്ങിയിരിക്കുന്നു. പണ്ട് എന്റെ ഒരു സുഹൃത്ത്‌ ജെര്‍മനിയില്‍ നിന്നും അയച്ച ഒരു പോസ്റ്റ്‌ കാര്‍ഡിന് പുറകില്‍ കുറിച്ചത് ഓര്‍ക്കുന്നു "Krishnan, Che is big business now." (ഇതില്‍ പറയുന്ന കൃഷ്ണന്‍ ഞാനല്ല, ഈ കാര്‍ഡ്‌ മറ്റൊരു കൃഷ്ണന് അയച്ചതായിരുന്നു) അങ്ങനെ വിപ്ലവം അഥവാ മുതലാളിത്തത്തിനെതിരെ ഉള്ള പോരാട്ടം തന്നെ ഒരു വലിയ കച്ചവട ചരക്കാക്കി മാറ്റിയ മുതലാളിത്ത വിജയഗാഥയുടെ മധ്യത്തിലാണ് ഈ കുറിപ്പ്. ഇതൊരു ആഗോള വിഷയമൊന്നും അല്ല. എന്നാല്‍ ആഗോളമാണ് താനും.
മാധ്യമ സിന്‍ഡിക്കേറ്റും (ആഗോള തലം) ലോക കാവല്‍ക്കാരും ചേര്‍ന്ന് വലിയ പുകിലുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വിഷയമാണല്ലോ ആഗോളതാപനം. ഈ പ്രതിഭാസം ഒരു യാഥാര്‍ത്ഥ്യമാണെന്നിരിക്കെ ഇതിന്റെപേരില്‍ അരങ്ങേറുന്ന രാഷ്ട്രീയ പാവക്കളികള്‍ വലിയ തമാശ തന്നെയാണ്.

ഇതൊരു വെറും തമാശയല്ല. മറിച്ച് ആഗോളതാപനത്തെപ്പറ്റി വേവലാതിപ്പെടുന്ന ഓരോ മനുഷ്യനും നേരെയുള്ള പരിഹാസമാണ്.

കോപ്പന്‍ഹേഗണ്‍ എന്ന മാന്ത്രിക വാക്ക് നിരവധി ആവര്‍ത്തിക്കപ്പെടുന്നു. അവിടേക്കുള്ള യാത്രയ്ക്ക് വന്‍ സന്നാഹങ്ങള്‍ ഒരുങ്ങുന്നു. പെരുമ്പറകള്‍ മുഴക്കുന്നു. ഉടമ്പടികള്‍ എഴുതപ്പെടുന്നു, തിരുത്തിയെഴുത്തുകളും നടക്കുന്നു.